തൊടുപുഴയിലെ സ്വകാര്യ കോളജില്‍ എല്‍എല്‍ബി ക്ലാസിന് ചേരാന്‍ എത്തിയ അഭിമന്യു വധക്കേസ് പ്രതിയെ തടഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. എറണാകുളം മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവിയിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയാണ് എല്‍എല്‍ബി കോഴ്‌സിന് പ്രവേശനം നേടിയത്.

ക്ലാസ് നേരത്തെ തുടങ്ങിയെങ്കിലും ഇയാള്‍ ഇന്നലെയാണ് ക്ലാസിനെത്തിയത്. ഇതോടെ കൊലക്കേസ് പ്രതിയെ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്‌എഫ്‌ഐ രംഗത്തെത്തി. കോളജ് ഗേറ്റ് പൂട്ടിയ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന്‌ പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തു. കേസില്‍ അറസ്റ്റിലായ റിസയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോളജ് അധികൃതര്‍ പറഞ്ഞു.