ഒറ്റ രാത്രി കൊണ്ട് ഉറക്കമിളച്ചാണ് മംഗലശ്ശേരി നീലകണ്ഠന് കുരുത്തോലയില്‍ തയ്യാറാക്കുന്നത്. നേരം പുലര്‍ന്ന് മോഹന്‍ലാലിന്റെ കൈകളില്‍ അവയെത്തുമ്ബോള് സുബ്രഹ്മണ്യന് എന്തെന്നില്ലാത്ത ആത്മസംതൃപ്തി. ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ നിര്‍വൃതി. മാളയ്ക്കടുത്തുള്ള പുത്തന്‍ചിറ പുളിയിലക്കുന്ന് സ്വദേശിയായ പള്ളിയില്‍ സുബ്രഹ്മണ്യനാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന ഇരുമ്ബനത്ത് വച്ച് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്റെ ചിത്രം കൈമാറിയത്. ചിത്രം കണ്ടതോടെ സുബ്രഹ്മണ്യനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു.
ഇതുവരെ മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ സുബ്രഹ്മണ്യന് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ മോഹന്‍ലാലിന് കൈമാറുന്നത് ഇത് ആദ്യം. സംവിധായകനും മാള സ്വദേശിയുമായ ജിബിയാണ് ചിത്രം നേരിട്ട് കൈമാറാന്‍ തലേന്ന് രാത്രി അവസരം ഉറപ്പാക്കുന്നത്. നേരത്തെ നിര്‍മ്മിച്ചു വെയ്ക്കാന്‍ കഴിയാത്ത തരത്തിലുള്ളതായതിനാല്‍ ഒറ്റ രാത്രി കൊണ്ട് പൂര്ത്തീകരിക്കേണ്ടിയും വന്നു. ഏഴ് മണിക്കൂറിലേറെ സമയമെടുത്താണ് രൂപം നെയ്തെടുക്കുന്നത്.
മൂന്ന് കുരുത്തോലകള്‍ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തത്. പച്ച, മഞ്ഞ, കുരുത്തോല പഴുത്തത് എന്നിവയും ഈര്ക്കിലിയുമാണ് ചിത്രം നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തില്‍ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥികളെ വരവേറ്റ് മുഖ്യമന്ത്രി അണിയിച്ചത് സുബ്രഹ്മണ്യന്റെ കരവിരുതില്‍ നെയ്തെടുത്ത തൊപ്പികളായിരുന്നു. വേദിയില്‍ പ്രവേശനോത്സവത്തിന് തിരി തെളിക്കാനുള്ള വിളക്കും സുബ്രഹ്മണ്യന്റേതായിരുന്നു. അന്ന് കുട്ടികളെ അണിയിക്കാനായി 65 തൊപ്പികളാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാള്‍ നാളുകളില്‍ സുബ്രഹ്മണ്യന്റെ കരവിരുതില്‍ നെയ്മര്‍, റോണാള്‍ഡോ, മെസി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും തീര്‍ത്തിരുന്നു. തെങ്ങോല മാത്രം ഉപയോഗിച്ച് ചിത്രങ്ങള്‍ ഒരുക്കുന്നുവെന്നതാണ് സുബ്രഹ്മണ്യന്റെ പ്രത്യേകത. കുടുംബ ക്ഷേത്രങ്ങളില്‍ കളമെഴുത്ത് പാട്ടിനായി കുരുത്തോല കൊണ്ട് രൂപമുണ്ടാക്കിയാണ് ഈ രംഗത്തെത്തുന്നത്.