എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിന്റെ പേരില്‍ വത്തിക്കാനു മുന്നില്‍ സംശയത്തിന്റെ നിഴലിലായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ തിരിച്ചുവരവിനു സഹായമായത് വ്യാജരേഖാവിവാദം.
ഭൂമിവിവാദത്തില്‍ മാര്‍ ആലഞ്ചേരിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വത്തിക്കാന്‍ വിശ്വസിച്ചതിന്റെ ഫലമായാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമനമുണ്ടായത്. വലിയ വിവാദമായ വ്യാജരേഖ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സൃഷ്ടിച്ചതാണെന്ന റിപ്പോര്‍ട്ടുകളും അതു സംബന്ധിച്ച കോടതി നടപടികളും വത്തിക്കാനു മുന്നിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു.
കര്‍ദിനാളിനെതിരായ വ്യക്തിഹത്യയ്ക്ക് നേരത്തെ മുതല്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുന്നെന്ന സന്ദേശമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ റോമിലെത്തിച്ചത്. അതുവരെ മാര്‍ ആലഞ്ചേരിക്ക് പ്രതികൂലമായിരുന്നു കാര്യങ്ങള്‍.
അതേസമയം, ഭൂമിവിവാദത്തില്‍ ആലഞ്ചേരിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഭാവിയില്‍ ഈ കേസ് അദ്ദേഹത്തിനെതിരേ തിരിച്ചുവിടാമെന്നും വിമത വിഭാഗം കണക്കുകൂട്ടുന്നു.
ഭൂമിവിവാദത്തില്‍ കര്‍ദിനാളിനെതിരേ നിലകൊണ്ട എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരില്‍ ഭൂരിപക്ഷവും വ്യാജരേഖാവിവാദത്തില്‍നിന്നു വിട്ടുനിന്നിരുന്നു. കര്‍ദിനാളിന്റെ ബാങ്ക് അക്കൗണ്ടിന്റെപ്പറ്റിയും പണമിടപാടുകളെപ്പറ്റിയും പറയുന്ന രേഖ ആധികാരികമാണെന്നു വിശ്വസിക്കാന്‍ ഭൂരിപക്ഷം വൈദികരും തയാറായില്ല. പോലീസും ആ നിഗമനത്തിലാണ് എത്തിയത്. ഇതര റീത്തുകളിലെ ബിഷപ്പുമാരുടേയും മറ്റും ഇക്കാര്യത്തിലുള്ള നിഗമനങ്ങളും വത്തിക്കാന്‍ കണക്കിലെടുത്തു.
സഭാധ്യക്ഷനെ അഴിമതിയുടെ പേരില്‍ മാറ്റിനിര്‍ത്തുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്ന് വത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വ്യാജരേഖയുടെ പേരില്‍ കര്‍ദിനാളിനെ വീഴ്ത്താമെന്ന വിമത വിഭാഗത്തിന്റെ കണക്കുകൂട്ടലാണ് മാര്‍പാപ്പയുടെ കല്‍പ്പനയോടെ പാളിയത്. രേഖ വ്യാജമാണെന്ന കെ.സി.ബി.സിയുടെ നിലപാടും നിര്‍ണായകമായി. ഭൂമിവിവാദത്തില്‍ സത്യംപുറത്തുവരട്ടെയെന്ന നിലപാടാണ് കെ.സി.ബി.സി. സ്വീകരിച്ചത്. എന്നാല്‍ വ്യാജരേഖ വിവാദമായതോടെ മെത്രാന്‍സമിതി ഒന്നടങ്കം മാര്‍ ആലഞ്ചേരിക്കു പിന്നില്‍ നിലയുറപ്പിച്ചു.