ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ കുടുംബത്തിന് സിപിഎമ്മിന്റെ സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തി നേതാക്കള്‍ കണ്ടത്. രാജ്കുമാറിന്റെ മരണത്തില്‍ എസ്.പി.ക്ക് നല്‍കിയ പരാതി പിന്‍വലിക്കണം. അങ്ങനെ ചെയ്താല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം നേതാക്കള്‍ വാഗ്ദ്ധാനം ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. എന്നാല്‍, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ‘ഹരിത ഫിനാന്‍സ്’ എന്ന സ്ഥാപനത്തിന്റെപേരില്‍ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഒന്പതുദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്‍, പീരുമേട് സബ്ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 21-നാണ് മരിച്ചത്.