രാജ്യത്ത് വിവിധയിടങ്ങളില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തുന്ന തല്ലിക്കൊലകള്ക്കെതിരേ നിസംഗരാവുന്നവരെ ‘താമസിയാതെ അവര്‍ എന്നെയും നിങ്ങളെയും തേടിയെത്തുക തന്നെ ചെയ്യു’മെന്ന് ഓര്‍മിപ്പിക്കുകയാണ് അനുപമ ആനമങ്ങാട്. മലപ്പുറത്ത് ഏറെക്കാലം താമസിച്ച തന്നോട് ഒരിക്കല്‍പോലും ആരും അല്ലാഹു അക് ബര് എന്നു വിളിക്കാന്‍ ഉദ്ഘോഷിട്ടില്ലെന്നു പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വര്‍ത്തമാനകാല ഇന്ത്യയിലെ മതേതരമനസ്സുകളുടെ ആശങ്കകളാണ് വരച്ചിടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘കേരളത്തിലെ മിനി പാക്കിസ്ഥാന്’ എന്ന് ചിലര്‍ കളിയാക്കി വിളിക്കുന്ന മലപ്പുറം ജില്ലയിലാണ് ഞാന്‍ വളര്‍ന്നത്. ആരുമെന്നോട് ‘അല്ലാഹു അക്ബര്‍’ എന്നുദ്ഘോഷിക്കാന്‍ പറഞ്ഞില്ല. പ്രാര്‍ത്ഥനകളില്‍ പങ്കാളിയാകണം എന്നോ തങ്ങളുടെ ആചാരങ്ങള്‍ പിന്തുടരണം എന്നോ ആവശ്യപ്പെട്ടില്ല; ജന്മസിദ്ധമായി വന്നുചേര്‍ന്ന മതത്തിന്റെ കണക്കില്‍ എനിക്കാരും മാര്ക്കിട്ടതുമില്ല. ഒത്തിരി വര്‍ഷങ്ങള്‍ ഞാന്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്തിട്ടുണ്ട്. യേശുവിനെ തൊഴണം എന്നോ അവരുടെ അഭിവാദനരീതികള്‍ പിന്തുടരണമെന്നോ ആരും ആവശ്യപ്പെട്ടില്ല. നിങ്ങള്‍ മറ്റൊരു മതക്കാരിയാണല്ലോ, എന്തര്‍ഹതയാണ് നിങ്ങള്‍ക്കിവിടെ താമസിക്കാന്‍ എന്നാരും ചോദിച്ചില്ല. എന്നാല്‍ ഇന്ന്, എന്റെ രാജ്യത്ത്, എന്റെ സംസ്ഥാനം വിട്ട് വടക്കോട്ട് യാത്ര ചെയ്യുകയാണെങ്കില്‍ തലയിലൊരു സ്കാര്‍ഫ് ധരിക്കുകയോ അഥവാ ഹിന്ദു ചിഹ്നങ്ങള്‍ എന്റെ ദേഹത്ത് ഇല്ലാതിരിക്കുകയോ ചെയ്താല്‍, അല്ലെങ്കില്‍ എന്റെ പേരിനാല്‍ ‘ശരിക്കും’ ഹിന്ദുവാണെന്ന് അവര്‍ക്ക് ബോധ്യപ്പെടാതിരുന്നാല്, ജീവിക്കാനുള്ള എന്റെ അര്‍ഹത തെളിയിക്കാനായി ‘ജയ്ശ്രീറാം’ മുഴക്കാന്‍ ഞാനും നിര്‍ബന്ധിക്കപ്പെട്ടേക്കും. അങ്ങോട്ടേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകാം, ‘ഇതൊന്നും എന്നെ ബാധിക്കുന്നതല്ലല്ലോ’ എന്ന്. ഖേദത്തോടെ പറയട്ടെ, താമസിയാതെ അവര്‍ എന്നെയും നിങ്ങളെയും തേടിയെത്തുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കുക.