ഗ്യാസും വൈദ്യുതിയും ഉണ്ടെങ്കില്‍ ഇനി മുതല്‍ മണ്ണെണ്ണയില്ല. കേരളത്തിലെ റേഷന്‍വിഹിതത്തില്‍ വീണ്ടും കേന്ദ്രത്തിന്റെ വെട്ട്. പൊതുവിതരണത്തിനായി നല്‍കുന്ന മണ്ണെണ്ണ വകമാറ്റരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തു നല്‍കി. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ റേഷന്‍ മണ്ണെണ്ണ നല്‍കാവൂ എന്നാണു നിര്‍ദേശം. വൈദ്യുതിയുള്ളവര്‍ക്കും പാചകവാതകമുള്ളവര്‍ക്കും വിഹിതം നഷ്ടമാകാന്‍ ഇതിടയാക്കും.

നിര്‍ദേശം നടപ്പായാല്‍ റേഷന്‍ മണ്ണെണ്ണ വാങ്ങുന്നവരുടെ പട്ടികയില്‍ നിന്ന് കേരളത്തിലെ 98 ശതമാനം കുടുംബങ്ങളും പുറത്താകും. വൈദ്യുതിയും പാചകവാതകവും ഇല്ലാത്ത അറുപതിനായിരം കുടുംബങ്ങളിലേക്കു മാത്രമായി മണ്ണെണ്ണവിതരണം ചുരുങ്ങും.

കേന്ദ്രനിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണപോലും കൊടുക്കാനാകാത്ത സ്ഥിതിയാണെന്ന് ഭക്ഷ്യമന്ത്രി പി. തിേലാത്തമന്‍ പറഞ്ഞു.