സ്വകാര്യ കമ്ബനിക്ക് പാട്ടത്തിന് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോകസ്ഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്നാണ് ഈ തീരുമാനം.
വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇവയെല്ലാം തള്ളിയാണ് നടപടിയുമായി മുമ്ബോട്ട് പോകുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാത്താവളങ്ങളാണ് സ്വകാര്യ കമ്ബനികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള പട്ടികയിലുള്ളത്.
ലേല നടപടികള്‍ പൂര്‍ത്തിയായിയെന്നും ഇതുവരെയും ഒരു കമ്ബനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വ്യോമയാന മേഖലയിലെ പരിചയസമ്ബത്തിനൊപ്പം കമ്ബനികളുടെ സാമ്ബത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.