കൈലാസ തീര്‍ത്ഥാടനത്തിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തും. വിമാനമാര്‍ഗ്ഗമാണ് ലക്‌നൗവില്‍ നിന്ന് ഇവര്‍ കൊച്ചിയില്‍ എത്തുക.

കൈലാസ തീര്‍ത്ഥാടത്തിന് ശേഷമുള്ള മടക്കയാത്രയിലാണ് ഇവര്‍ ഹിമാലത്തില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ടിബറ്റന്‍ അതിര്‍ത്തിയിലെ ഹില്‍സില്‍ 14 പേരാണ് കുടുങ്ങിയത്. ഇതോടെ യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജന്‍സിയെ വിവരം അറിയിച്ചു.

എന്നാല്‍ അവര്‍ ഹെലികോപ്റ്ററുകള്‍ അയക്കാന്‍ തയ്യാറാകാതെ വന്നതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടി വന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ടൂര്‍ ഏജന്‍സി നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്.

പിന്നീട് നേപ്പാളിലെ ഇന്ത്യന്‍ ഏംബസി ഇടപ്പെട്ട് ഇവരെ രക്ഷപെടുത്തി വ്യോമമാര്‍ഗ്ഗം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ ഗഞ്ചിയില്‍ എത്തിക്കുകയായിരുന്നു. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് തീര്‍ത്ഥാടകരെ ഹെലികോപ്ടറില്‍ നേപ്പാളിലെ ഗഞ്ചിലെത്തിച്ചത്. ജൂണ്‍ 8ന് കൊച്ചിയില്‍ നിന്ന് കൈലാസ യാത്രക്ക് പോയ 48 പേരടങ്ങുന്ന സംഘത്തിലെ 14 പേരാണ് ഹിമാലയത്തില്‍ കുടുങ്ങിയത്.