മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ ചോദ്യംചെയ്തപ്പോള്‍ സ്വന്തം അച്ഛന്‍ ഉള്‍പ്പെടെ കൂടുതല്‍ ബന്ധുക്കള്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍. അച്ഛനെയും മാതൃസഹോദരിമാരുടെ മൂന്നുമക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മാതൃസഹോദരിയുടെ ഭര്‍ത്താവിനെ നേരത്തെ അറ്സ്റ്റ് ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചതായി യുവതി തുറന്നുപറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വയറുവേദനയ്ക്ക് ചികിത്സതേടി ജൂണ്‍ 15 ന് യുവതിയെ അമ്മ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. അവിടത്തെ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, യുവതിയുടെ മൊഴിയെടുത്തശേഷം മാതൃസഹോദരിയുടെ ഭര്‍ത്താവിനെ അന്നുതന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 55 വയസുണ്ട്.

അച്ഛന്റെ പീഡനത്തില്‍നിന്ന് രക്ഷതേടിയാണ് അമ്മ പെണ്‍കുട്ടിയേയും കൂട്ടി മാതൃസഹോദരിയുടെ വീട്ടില്‍ താമസമാക്കിയത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊടുംക്രൂരത. ഈ സമയത്തുതന്നെയാണ് പെണ്‍കുട്ടിയുടെ മാതൃസഹോദരിമാരുടെ മക്കളും പീഡിപ്പിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. മൂന്നാമത്തെ ആള്‍ ആ സമയത്ത് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ്. സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. മറ്റുള്ളവരെ കോടതി റിമാന്‍ഡ് ചെയ്തു.

ഈ വീട്ടില്‍വെച്ച്‌ മാതൃസഹോദരിയുടെ ഭര്‍ത്താവും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും പെണ്‍കുട്ടി അറിഞ്ഞില്ല. അങ്ങനെയാണ് വയറുവേദയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളേജിലെത്തുന്നത്. തൃക്കുന്നപ്പുഴ എസ്.ഐ. വി.എസ്. സാംസണ്‍, എ.എസ്.ഐ. സുഭാഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിക്കുട്ടന്‍, ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.