രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത നഴ്‌സ് ലിനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആദരവ്. മരണാനന്തര ബഹുമതിയായി നഴ്‌സുമാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം കോഴിക്കോട് നിപ്പാ കാലത്ത് രോഗികളെ പരിചരിച്ച നഴ്‌സ് ലിനി സജീഷിന്. പേരാമ്ബ്ര താലൂക്ക് ആശുപ്രതിയിലെ നഴ്‌സായിരുന്നു ലിനി. നിപ്പ ബാധിതരെ രോഗം തിരിച്ചറിയുന്നതിനു മുമ്ബ് പരിചരിച്ച ലിനി പിന്നീട് രോഗബാധിതയായി മരിക്കുകയായിരുന്നു.

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്‌സ് എന്‍ ശോഭനയും നെറ്റിംഗേല്‍ പുരസ്‌കാരം നേടി. ജൂലൈ 12ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.