ഇന്ത്യയ്ക്കു മുന്നില്‍ 125 റണ്‍സിന്‍റെ കൂറ്റന്‍ പരാജയം വെസ്റ്റ് ഇന്‍ഡീസ് ഏറ്റുവാങ്ങി. നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും അര്‍ധ സെഞ്ചുറിയോടെ കരുത്തറിയിച്ച മത്സരത്തില്‍ ബൗളിംഗില്‍ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് നീലപ്പട വിജയിച്ച്‌ കയറിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ വമ്ബനടിക്കാരുടെ വിന്‍ഡീസ് നിരയുടെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു.

സ്കോര്‍: ഇന്ത്യ- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268
വെസ്റ്റ് ഇന്‍ഡീസ്- 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്

വിജയലക്ഷ്യമായ 269 റണ്‍സിലേക്ക് വാനോളം പ്രതീക്ഷയുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി കനത്ത ആഘാതം ഏല്‍പ്പിച്ചു. ഹാട്രിക് പ്രകടനത്തിന്‍റെ കരുത്തമായി എത്തിയ ഷമി ആദ്യ പത്തോവര്‍ പിന്നിടും മുമ്ബ് രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് നയം വ്യക്തമാക്കിയത്.

വിന്‍ഡീസിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്‍റെ കെെകളില്‍ എത്തിച്ച്‌ ഷമി വിക്കറ്റ് വേട്ടയ്ക്ക് ആരംഭം കുറിച്ചു. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്‍റെ അക്കൗണ്ടില്‍. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും (5) മടക്കി ഷമി ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.

പിന്നീട് ഒത്തുച്ചേര്‍ന്ന സുനില്‍ ആംബ്രിസും(31) നിക്കോളാസ് പൂരനും(28) ഇന്ത്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവുംവിധമുള്ള ശ്രമങ്ങള്‍ നടത്തി. ആംബ്രിസിനെ ഹാര്‍ദിക് പാണ്ഡ്യയും പൂരനെ കുല്‍ദീപ് യാദവും വീഴ്ത്തിയതോടെ വിന്‍ഡീസിന്‍റെ വന്‍ തകര്‍ച്ച തുടങ്ങി.

ഷിമ്രോണ്‍ ഹെറ്റ്‍മെയറിനെ ഒരറ്റത്ത് നിര്‍ത്തി ഇന്ത്യ ആഞ്ഞടിച്ചതോടെ നായകന്‍ ഹോള്‍ഡര്‍ അടക്കം വിന്‍ഡീസ് താരങ്ങള്‍ അതിവേഗം ബാറ്റ് വച്ച്‌ കീഴടങ്ങി. കാര്‍ലോസ് ബ്രാത്‍വെയ്റ്റിനെയും ഫാബിയന്‍ അലനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി ജസ്പ്രീത് ബുമ്ര ഹാട്രിക് പ്രകടനത്തിന് അടുത്ത് വരെയുമെത്തി. തിരിച്ചെത്തിയ ഷമി ഹെറ്റ്‍മെയറിനെ കൂടെ പറഞ്ഞയച്ചോടെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷപ്രകടനങ്ങള്‍ക്ക് ഗാലറിയില്‍ തുടക്കമായി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. തുടക്കം തന്നെ വമ്ബനടികള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്.

നിര്‍ഭാഗ്യം പിടികൂടി രോഹിത് ശര്‍മ വീണതോടെ ഒത്തുച്ചേര്‍ന്ന കെ എല്‍ രാഹുലും വിരാട് കോലിയും ഇന്ത്യയുടെ അടിത്തറ ശക്തമാക്കി. വന്‍ സ്കോറിലേക്ക് ഇന്ത്യ കുതിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ (48) വീണതോടെ വിന്‍ഡീസ് സ്കോറിംഗിനും കടിഞ്ഞാണിടുകയായിരുന്നു.

നാലാം നമ്ബറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും ഒപ്പം കേദാര്‍ ജാദവും മടങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന നായകന്‍ കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.

ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി.

തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (46) ഒത്തുച്ചേര്‍ന്ന ധോണി ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുക്കുകയായിരുന്നു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്