ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഇന്ദ്രന്‍സിന് റെഡ് കാര്‍പ്പെറ്റ് വെല്‍ക്കം കിട്ടിയിരുന്നു. അദ്ദേഹത്തെ കേന്ദ്രകഥാപാത്രമായി ഡോ. ബിജു ഒരുക്കിയ വേനല്‍മരങ്ങള്‍ എന്ന ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് വിഭാഗത്തില്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

എന്നാല്‍ ഇന്ദ്രന്‍സ് ഇത്രയും വലിയ നേട്ടം കരസ്ഥമാക്കി വന്നിട്ടും മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അദ്ദേഹത്തെ കുറിച്ച്‌ ഒരുവാക്ക് പോലും പറയാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.

രാജ്യാന്തര പുരസ്‌കാരം നേടി വന്നിട്ടും സൂപ്പര്‍ താരങ്ങള്‍ക്ക് അദ്ദേഹത്തെ കുറിച്ച്‌ ഒരു നല്ല വാക്ക് പറയാന്‍ നേരം കിട്ടിയില്ലേ എന്നും നിങ്ങളുടെയൊക്കെ സിനിമയുടെ പോസ്റ്ററും കാറിന്റെയും ഷൂസിന്റെയും വിലയുമൊക്കെ ഞങ്ങള്‍ ആസ്വദിക്കാറുണ്ടെന്നും അതിന്റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാല്‍ ഞങ്ങള്‍ക്കത് ആഘോഷിക്കാമായിരുന്നു എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.