തട്ടിപ്പു കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെയും സഹോദരി പുര്‍വി മോദിയുടേയും നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച പണം കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യമുന്നയിച്ചത്. നാലു മാസം മുന്‍പാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരിനോട് സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പണം തട്ടിയതുമായി ബന്ധപ്പെട്ടതാണ് നീരവ് മോദിക്കെതിരായ ഏറ്റവും പ്രമുഖമായി നിലനില്‍ക്കുന്ന കുറ്റം.