ബുധനാഴ്ച നിപ്പ രോഗ ലക്ഷണങ്ങളുമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് അത്യാഹിത വിഭാഗം മണിക്കൂറുകളോളം അടച്ചിട്ടു. രോഗിയെ പ്രത്യേക മുൻകരുതൽ ക്രമീകരണങ്ങളോടെ വിദഗ്ധ പരിശോധനക്കായി കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.
പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ബുധനാഴ്ച രാവിലെ പനി ബാധിതനായ യുവാവ് ആദ്യം ചികിൽസ തേടിയെത്തിയത്. ലക്ഷണങ്ങളിൽ നിപ്പ രോഗം സംശയിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയെ പ്രത്യേക മുൻകരുതൽ സംവിധാനം ഒരുക്കി ആംബുലൻസിലാണ് കളമശേരി മെഡിക്കല്‍ കോളജിൽ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവാവിന് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തിയത്.
രോഗലക്ഷണങ്ങൾ കണ്ട ഉടനെ നിപ്പയാണെന്ന സംശയത്തില്‍ കോതമംഗലം താലൂക്ക് ആശുപതിയില്‍ അടിയന്തിര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗം ഏതാനും മണിക്കൂര്‍ അടച്ചിടുകയും രോഗികളെ മാറ്റുകയും ചെയ്തിരുന്നു.