മലയാളം സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷം. സ്ഥലമേറ്റെടുപ്പിൽ വൻ ക്രമക്കേട് നടന്നതായും 3000 രൂപ മതിപ്പുവിലയുള്ള സ്ഥലം വാങ്ങുന്നത് 1.60 ലക്ഷം രൂപയ്ക്കാണെന്നും സി. മമ്മൂട്ടി നിയമസഭയിൽ ആരോപിച്ചു.
ഭൂമി വിൽക്കുന്നത് തിരൂരിൽ ഇടത് സ്ഥാനാർഥി ആയിരുന്ന ഗഫൂർ പി. ലില്ലിസാണെന്നും സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷ എംഎൽഎയുടെ സഹോദര പുത്രന്മാരും ഈ ഇടപാടിന് കൂട്ടുനിന്നതായും മമ്മൂട്ടി ആരോപിക്കുന്നു. ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മമ്മൂട്ടി ആരോപണം ഉന്നയിച്ചത്.
എന്നാൽ മലയാളം സർവകലാശാലയ്ക്കായി ഭൂരിഭാഗം സ്ഥലം ഏറ്റെടുത്തതും യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നാണ് മന്ത്രി കെ.ടി. ജലീൽ മറുപടി നൽകിയത്. നേരത്തേ, ഈ വിഷയത്തിൽ സി. മമ്മൂട്ടിയുടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.
വിഷയം അടിയന്തരപ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായാരുന്നു. യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ നോട്ടീസിലെ കാര്യങ്ങൾ 2016ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതെന്നായിരുന്നു സ്പീക്കറുടെ നിലപാട്.