കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമൊ തെറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചപറ്റിയെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് പ്രകാരം ചികിത്സ നടത്തിയത് തെറ്റായിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.

മെഡിക്കല്‍ കോളേജ് ലാബിലെ പരിശോധനാഫലം വരുന്നതിന് മുമ്ബ് ചികിത്സ തുടങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പരിശോധനാഫലം വരുന്നതിന് മുമ്ബ് ചികിത്സ തുടങ്ങിയത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സ്വകാര്യ ലാബിലെ പതോളജിസ്റ്റിനും വീഴ്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പ്രൊഫ.ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘം റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.