എസ്.ഐയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്ബ എസ്.ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ യുവതിക്ക് നിരവധി പൊലീസുകാരുമായി ബന്ധമുണ്ടെന്നു കാട്ടി കൊച്ചിയിലെ സിവില്‍പൊലീസ് ഓഫീസര്‍ പോലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടു.

ഇതോടെ സംഭവം വിവാദമായി. തുടര്‍ന്ന് എസ്.ഐയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേറെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.