മലയാള സിനിമയിലേക്ക് ഒരുപിടി നല്ല യുവ നടന്മാര്‍ കടന്നുവരികയാണ്. സിനിമയുടെ എല്ലാ തുറയിലും മികച്ച യുവ പ്രതിഭകള്‍ സ്ഥാനം പിടിക്കുന്നു. അവര്‍ ശോഭനീയമായ മലയാളസിനിമയുടെ ഭാവിയെ കൂടുതല്‍ മനോഹരമാക്കാന്‍ കെല്‍പ്പ് ഉള്ളവരാണ്. ആ കൂട്ടത്തിലേക്ക് ലുക്ക്മാന്‍ എന്ന നടനും കടന്നുവരികയാണ്. ഉണ്ട എന്ന സിനിമയിലൂടെ തന്റേതായ സ്ഥാനം കൂടുതല്‍ അടിവരിയിടുകയാണ്. മികച്ച പ്രകടനം തന്നെ ഈ യുവനടന്‍ പുറത്തെടുത്തു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ രാജേഷും ‘ഉണ്ട’യിലെ ബിജുകുമാറായുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതനായിരിക്കുകയാണ് ലുക്ക്മാന്‍.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്‌ ‘വനിത ഓണ്‍ലൈനു’മായി ലുക്മാന്‍ മനസ്സ് തുറന്നതിലേക്ക്..

സിനിമയില്ലാത്ത നാട്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ഉദിനുപ്പറമ്ബാണ് നാട്. ഒരു നാട്ടുമ്ബുറം. അവിടെ സിനിമയുമായി ബന്ധപ്പെട്ട ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമയെന്ന ആഗ്രഹമോ ലക്ഷ്യമോ എനിക്കുമുണ്ടായിരുന്നില്ല. ചങ്ങരംകുളത്ത് ഒരു തിയേറ്റര്‍ വന്നതു പോലും 5 മാസം മുമ്ബാണ്. വീട്ടിലും കലാപാരമ്ബര്യമൊന്നുമില്ല. ഉപ്പ അവറാന്‍ പ്രവാസിയായിരുന്നു. ഉപ്പയ്ക്കും ഉമ്മ ഹലീമയ്ക്കും ഞങ്ങള്‍ അഞ്ച് മക്കളാണ്. ഞാനാണ് രണ്ടാമന്‍.

നാടകത്തില്‍ തുടക്കം

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കലോത്സവങ്ങളിലൊക്കെ മത്സരിച്ചിരുന്നു. തൃശൂരില്‍ ബിടെക്കിന് പഠിക്കുമ്ബോള്‍ കോളേജ് നാടകത്തില്‍ നല്ല നടനായി. അതു കണ്ടാണ് കൂട്ടുകാരെക്കൊ സിനിമയില്‍ ശ്രമിക്കാന്‍ പറഞ്ഞതും എന്റെ മനസ്സിലും അങ്ങനെ ഒരു ആഗ്രഹം കയറിക്കൂടിയതും.

തുടക്കം

ഉണ്ടയുടെ കഥാകൃത്തായ ഹര്‍ഷദിക്ക സംവിധാനം ചെയ്ത ‘ദായോം പന്ത്രണ്ടും’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. അന്ന് കോളജില്‍ പഠിക്കുകയായിരുന്നു. അവസരമുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ പോയി കണ്ടു. ഒരു ക്യാമ്ബുണ്ടായിരുന്നു. അതു കഴിഞ്ഞാണ് സെലക്‌ട് ആയത്. തിയേറ്ററിലെത്തുന്ന എന്റെ ആദ്യ ‘സിനിമ സപ്തമശ്രീ തസ്കര’യാണ്. അതില്‍ നീരജ് മാധവിനെക്കൊണ്ട് സോപ്പുപെട്ടിയില്‍ ക്യാമറ വയ്ക്കുന്നവരില്‍ ഒരാള്‍. പക്ഷേ ത്രൂ ഔട്ട് വേഷം കിട്ടിയത് ‘കെ.എല്‍ ടെന്‍, പത്തി’ലാണ്. ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ‘സുഡാനി’ക്കു ശേഷവും. ‘ഉണ്ട’ വന്നതോടെ കൂടുതല്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. സ്റ്റൈല്‍, വള്ളീം തെറ്റി പുള്ളീം തെറ്റി, കലി, ഗോദ, സൈറ ബാനു എന്നിവയാണ് അഭിനയിച്ചതില്‍ പ്രധാന ചിത്രങ്ങള്‍. റിലീസാവാനിരിക്കുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യിലും നല്ല വേഷമാണ്.

ഉമ്മയുടെ പിന്തുണ

സിനിമയാണ് ലക്ഷ്യം എന്നൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. അവര്‍ക്ക് സിനിമ അത്ര പിടിയുള്ള മേഖലയല്ല. ഉമ്മയും ഉപ്പയും ആദ്യമായി തിയേറ്ററില്‍ പോകുന്നതു തന്നെ ‘കെല്‍.എല്‍.ടെണ്‍ പത്ത്’ കാണാനാണ്.

ആദ്യകാലത്തൊക്കെ ”നീ ഇങ്ങനെ നടന്നോ, പല്ല പണിക്കും പോടാ.” എന്ന ഡയലോഗ് സ്ഥിരമായിരുന്നു. ഇപ്പോള്‍ ഓക്കെയായി. എങ്കിലും സിനിമ ഒരു ജോലിയായി അംഗീകരിക്കാനൊന്നും അവര്‍ തയാറായിട്ടില്ല. പക്ഷേ, ഉമ്മ പണ്ടു മുതലേ കട്ട സപ്പോര്‍ട്ടാണ്.

സിനിമ തന്നെ ജീവിതം

അഷറഫിക്ക, മുഹ്സിന്‍ പരാരി, സക്കരിയ ,ഹര്‍ഷദിക്ക, ഷറഫു, സുഹാസ് തുടങ്ങി സിനിമയിലെ അടുത്ത സുഹൃത്തുക്കളൊക്കെ എന്റെ കരിയറില്‍ വലിയ കരുത്താണ്. കഴിഞ്ഞ 3 വര്‍ഷമായി സിനിമ കൊണ്ടു മാത്രം ജീവിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. വിവാഹിതനല്ല. പുതിയ പ്രൊജക്ടുകളൊക്കെ വരുന്നുണ്ട്. തീരുമാനമായിട്ടില്ല. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് വലിയ ആഗ്രഹം.