ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം എന്ന വിശേഷണവുമായി എത്തിയ ഇംഗ്ലണ്ടിന് ടൂർണമെന്റിലെ മൂന്നാം തോൽവി. ഓസ്ട്രേലിയയോട് 64 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെട്ടത്. 286 റണ്‍സിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.4 ഓവറിൽ 221 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുത പേസർ ജേസണ്‍ ബെഹ്റെൻഡോർഫിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്.
89 റണ്‍സ് നേടിയ ബെൻ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പൊരുതിനോക്കിയത്. ജോണി ബെയർസ്റ്റോ (27), ജോസ് ബട്ലർ (25), ക്രിസ് വോക്സ് (26), ആദിൽ റഷീദ് (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലീഷ് താരങ്ങൾ. 44 റണ്‍സ് വഴങ്ങിയായിരുന്നു ബെഹ്റെൻഡോർഫിന്റെ അഞ്ചു വിക്കറ്റ് നേട്ടം. മൂന്നു വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കും ഓസീസ് വിജയത്തിൽ നിർണായക പങ്കുവച്ചു. മാർകസ് സ്റ്റോയിനസ് ഒരു വിക്കറ്റ് നേടി.
നേരത്തെ പാക്കിസ്ഥാനോടും ശ്രീലങ്കയോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ഇതോടെ ആതിഥേയരുടെ സെമി സാധ്യതകൾ അവതാളത്തിലായി. ഇന്ത്യയോട് ഉൾപ്പെടെ ഇംഗ്ലണ്ടിന് മത്സരങ്ങൾ അവശേഷിക്കുന്നു.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് നേടി. ഓപ്പണർമാരായ ആരണ് ഫിഞ്ചിന്റെ സെഞ്ചുറിയും ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുമാണ് ഓസീസിന്റെ ഭേദപ്പെട്ട സ്കോറിന് അടിത്തറ പാകിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഫിഞ്ചും വാർണറും ശ്രദ്ധയോടെ ഇംഗ്ലീഷ് ബൗളിംഗിനെ നേരിട്ടു. 61 പന്തിൽനിന്ന് ഫിഞ്ച് ആദ്യം അർധസെഞ്ചുറി തികച്ചപ്പോൾ 52 പന്ത് നേരിട്ട വാർണർ പിന്നാലെ അരസെഞ്ചുറിയിലേക്ക് എത്തി. തൊട്ടുപിന്നാലെ മോയിൻ അലിക്ക് ഇരയായി വാർണർ മടങ്ങി. ഇതിനിടെ ഈ ലോകകപ്പിലെ ടോപ് സ്കോറർ പദവി വാർണർ (500 റണ്‍സ്) അടിച്ചെടുത്തിരുന്നു. 123 റണ്‍സാണ് ഓസീസ് ഓപ്പണർമാർ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
മൂന്നാമനായി എത്തിയ ഉസ്മാൻ ഖവാജ ഫിഞ്ചിനു പിന്തുണ നൽകാനാണു ശ്രമിച്ചത്. എന്നാൽ സെഞ്ചുറി തികച്ചതിനു പിന്നാലെ ഫിഞ്ച് പുറത്തായി. 116 പന്തിൽനിന്ന് 11 ബൗണ്ടറികളും രണ്ടു സിക്സറും ഉൾപ്പെടെ 100 റണ്‍സായിരുന്നു ഫിഞ്ചിൻറെ സന്പാദ്യം. ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി കുറിച്ച ഫിഞ്ച് ലോകകപ്പ് ടോപ് സ്കോറർമാരുടെ പട്ടിക (496 റണ്‍സ്) യിൽ വാർണർക്കു പിന്തിൽ രണ്ടാം സ്ഥാനത്തെത്തി. 23 റണ്‍സ് നേടി ഖവാജയും മടങ്ങി.
മാക്സ്വെൽ ചില കറ്റനടികൾ നടത്തിയെങ്കിലും അമിതാവേശം വിനയായി. എട്ടു പന്തിൽ 12 റണ്‍സായിരുന്നു സന്പാദ്യം. സ്റ്റീവൻ സ്മിത്ത് 38 റണ്‍സ് നേടി ക്രിസ് വോക്സിന് ഇരയായി മടങ്ങി. ഒരു ഘട്ടത്തിൽ 213/3 എന്ന നിലയിലായിരുന്ന ഓസീസ് 259/7 എന്ന നിലയിലേക്കു തകർന്നു. അവസാന ഓവറുകളിൽ അലക്സ് കാരെ നടത്തിയ മികച്ചപ്രകടനമാണ് ഓസീസിനെ താരതമ്യേന സുരക്ഷിതമായ സ്കോറിൽ എത്തിച്ചത്. കാരെ 27 പന്തിൽ 38 റണ്‍സ് നേടി പുറത്താകാതെനിന്നു.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആർച്ചർ, മാർക് വുഡ്, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് നേടി. പത്തോവർ എറിഞ്ഞ ആദിൽ റഷീദിന് വിക്കറ്റൊന്നും ലഭിച്ചില്ല.