ബീഹാര്‍ സ്വദേശി നല്‍കിയ പീഡനാരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസില്‍ ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ വരാനിരിക്കേയാണ് പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരിക്കുന്നത്.
നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പോലീസിന്റെ ഈ നീക്കം. ഇന്നോ നാളെ രാവിലെയോ നോട്ടീസിറക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ബിനോയിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കും. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പോലീസിന്റെ ഈ നടപടി
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ യുവതി പരാതിയില്‍ പൊരുത്തക്കേട് ഉണ്ടെന്നും കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും തീരുമാനം വരും വരെ അത് വേണ്ടെന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്.