ബി.ജെ.പി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സി.പി.എമ്മും കോണ്‍ഗ്രസും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. സര്‍വീസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു കാട്ടി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.
തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങുന്നതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്.
പൊതുചടങ്ങില്‍ ഓഖി ബാധിതരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യമായി സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്.