ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്. തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണിത്.  തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇരുവരും രാജിവച്ചിരുന്നു.  ഈ സീറ്റുകളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ നിയമസഭയിലെ കക്ഷിനില വച്ച്‌ ഒരു സീറ്റ് കോണ്‍ഗ്രസിനു ജയിക്കാനാവും. വ്യത്യസ്ത തെരഞ്ഞെടുപ്പായാല്‍ രണ്ടു സീറ്റും ബിജെപിക്കു തന്നെയാണ് ലഭിക്കുക. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനം ഒഴിയുന്നതിനാൽ ഉപതെരഞ്ഞൈടുപ്പായേ പരിഗണിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഓരോന്നും വ്യത്യസ്ത തെരഞ്ഞെടുപ്പുകളായാണ് പരിഗണിക്കുന്നതെന്നും കമ്മീഷന്‍ വിശദീകരിച്ചു. ഹര്‍ജി തള്ളിയ കോടതി, ഹര്‍ജിക്കാര്‍ക്കു മുന്നിലുള്ള വഴി തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കുക മാത്രമാണെന്നും അറിയിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എയും ഗുജറാത്ത് മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ഖാനാണിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അതിനിടെ ഒഴിവു വന്ന സീറ്റിലേക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും, ജെഎം താക്കോറിനെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇന്ന്  ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.