പി.വി. അന്‍വര്‍ എംഎല്‍എ വ്യാജരേഖയുണ്ടാക്കി കൊച്ചിയില്‍ കോടികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി ആരാപണം. ആലുവയില്‍ 99 വര്‍ഷത്തേക്ക് കമ്പനി നടത്തിപ്പിനായി പാട്ടത്തിന് നല്‍കിയ ഭൂമി പി.വി. അന്‍വര്‍ വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആലുവ എടത്തലയില്‍ നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് അടുത്തുള്ള 11.46 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നതാണ് അന്‍വറിനെതിരേയുള്ള ആരോപണം.1991ല്‍ 99 വര്‍ഷത്തേയ്ക്ക് കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷണല്‍ ഹൗസിങ് കോംപ്ലക്‌സ് എന്ന സ്ഥാപനത്തിന് പാട്ടത്തിനു നല്‍കിയതാണ് ഈ ഭൂമി. ജോയ്‌മെറ്റ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തിപ്പിനാണ് ഇത് പാട്ടത്തിന് എടുത്തത്.
2006- ല്‍ ജോയ്‌മെറ്റ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കടക്കെണിയില്‍ ആയതോടെയാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ലേലനടപടി ആരംഭിച്ചത്. ഈ ലേലത്തിലാണ് 99 വര്‍ഷത്തേക്കുള്ള പാട്ടക്കരാര്‍ അന്‍വര്‍ എംഎല്‍എ മാനേജിങ് ഡയറക്ടര്‍ ആയ പീവീസ് റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നേടിയത്.
അതേസമയം പാട്ടക്കരാറിന്റെ മറവില്‍ 2006 മുതല്‍ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ശ്രമം. ഇതിന് വേണ്ടി എംഎല്‍എ പുതിയ തണ്ടപ്പേര്‍ നമ്പര്‍ ഉണ്ടാക്കുകയും ചെയ്തു. എാന്നാല്‍ ഉടമസ്ഥ ഗ്രേസ് മാത്യു ഇതിനെതിരെ റവന്യൂ വകുപ്പിനെ സമീപിച്ചതോടെ സംഭവം പുറത്തുവരികയായിരുന്നു. ഇതോടെ ഉടമസ്ഥാവകാശം നിര്‍ണയിക്കും വരെ പി.വി. അന്‍വറില്‍ നിന്നും കരം സ്വീകരിക്കാന്‍ പാടില്ലെന്നാണ് റവന്യൂവകുപ്പിന്റെ തീരുമാനം എടുക്കുകയായിരുന്നു.
ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാന നികുതിയടയ്ക്കാന്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സഹായം നല്‍കിയതെന്നും ഗ്രേസ് മാത്യു കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഉടമസ്ഥനല്ലാത്ത ആളില്‍ നിന്നും സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അടിസ്ഥാന നികുതി സ്വീകരിച്ചതിനെകുറിച്ച് ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ ആലുവ തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥരെ വിളിച്ചുവരുത്തി തഹസില്‍ദാര്‍ വിവരങ്ങള്‍ ശേഖരിച്ചു. പി.വി. അന്‍വറിനോടും ഇതുസംബന്ധിച്ചിച്ച വിശദാംശങ്ങള്‍ അധികൃതര്‍ തേടും.