താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാണ് ഭരണഘടനാ ഭേദഗതി. ഈ മാസം 30 ന് കൊച്ചിയില്‍ ചേരുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഭേദഗതി അവതരിപ്പിച്ച് അംഗീകാരം തേടും.

അമ്മയിലെ ഏതാനും വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഭരണ ഘടനാ ഭേദഗതി. നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വനിതാ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. റിമാ കല്ലിങ്കല്‍ , രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ സംഘടന വിടുകയും ചെയ്തു. അമ്മയില്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇത്തവണത്തെ ഭരണഘടനാ ഭേദഗതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തും.
വൈസ്പ്രസിഡന്റ് സ്ഥാനവും വനിതാ അംഗത്തിന് നല്‍കും. വരുന്ന ഞായറാഴ്ച കൊച്ചിയിലാണ് അമ്മ ജനറല്‍ ബോഡി യോഗം.