പാഞ്ചാലിമേട് ഭൂമി വിവാദത്തില്‍ ഇടുക്കി കളക്ടറുടെ നിലപാടിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. കൈയേറിയ റവന്യൂഭൂമിയിലാണ് ക്ഷേത്രമുള്ളതെന്ന കളക്ടറുടെ നിലപാട് അപലപനീയമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടോ മറ്റെന്തോ ലക്ഷ്യം വെച്ചോ ആണ് ഇത്തരം അഭിപ്രായപ്രകടനങ്ങളെന്ന് പദ്മകുമാര്‍ പറഞ്ഞു.

റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. ദേവസ്വം ഭൂമി റവന്യൂവകുപ്പ് കൈയേറിയതാണെന്നും പറയേണ്ടിവരും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ റവന്യൂവിഭാഗം തുടര്‍ച്ചയായി തെറ്റായ ഇടപെടലുകളും സമീപനവുമാണ് സ്വീകരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട 18 മലകളിലൊന്നാണ് ഈ പ്രദേശം. പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ഏതറ്റംവരെയും പോകും. ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

അതേസമയം ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ പാഞ്ചാലിമേട്ടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ്‌ചെയര്‍മാന്‍ സ്വാമി അയ്യപ്പദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. പാഞ്ചാലിമേട്ടിനു സമീപമുള്ള പാണ്ഡവമേട്ടിലായിരുന്നു ഭുവനേശ്വരീക്ഷേത്രം. ഇവിടം കൈയേറി വിഗ്രഹത്തിനു മുന്നില്‍ കുരിശ് സ്ഥാപിച്ചതിനെ തുടര്‍ന്ന് വിഗ്രഹം സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രസ്ഥലം കൈയേറി കുരിശു നാട്ടിയവര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ പാഞ്ചാലിമേട്ടിനും പാണ്ഡവമേട്ടിനുമിടയിലുള്ള കുളത്തിലിട്ട് മൂടി. ഈ കുളത്തിന് സമീപം മൂന്നര ഏക്കര്‍ സ്ഥലം ഒരു ബിഷപ്പിന്റെ പേരിലാക്കി 1991വരെ കരം സ്വീകരിച്ചു. 1991ന് ശേഷം കരം അടച്ചിട്ടില്ല.

പാണ്ഡവമേടും പാഞ്ചാലിമേടും ഉള്‍പ്പെടുന്ന 269 ഏക്കര്‍ വഞ്ചിപ്പുഴമഠം വകയായിരുന്നു. എന്നാല്‍, റീ സര്‍വെയില്‍ 22 ഏക്കര്‍ ദേവസ്വത്തിനും ബാക്കി റവന്യൂ പുറമ്പോക്കായും രേഖപ്പെടുത്തി. അനധികൃത കുരിശുകള്‍ അവിടെനിന്നു മാറ്റണം. ബിഷപ്പിന് അനുവദിച്ച ഭൂമി തിരിച്ച് ക്ഷേത്രത്തെ ഏല്‍പ്പിക്കണം. ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവരോട് പത്തുരൂപ വീതം ടൂറിസത്തിന്റെ പേരില്‍ ഈടാക്കി പാസ് നല്‍കുന്നത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും അയ്യപ്പസേവാസമാജം ഉന്നയിച്ചിരുന്നു.