കെ.പി. യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനായി സമരം ആരംഭിച്ചു. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.  വനവാസി പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന്  കൊണ്ടുവന്ന കാര്‍ഷിക ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ മറവില്‍ ഇടതു വലതുപക്ഷങ്ങള്‍  കേരളത്തിന്റെ മുഖത്ത് കരിതേയ്ക്കുകയാണുണ്ടായതെന്ന് അദേഹം പറഞ്ഞു.  വ്യാജരേഖകളുണ്ടാക്കി കെ.പി. യോഹന്നാന്‍ തട്ടിയെടുത്ത ചെറുവള്ളിയിലെ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും, വികസന പദ്ധതികള്‍ക്ക് എടുത്തതിനു ശേഷമുള്ളത് ഭൂരഹിതരായവര്‍ക്ക് പതിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട്  ഭൂഅവകാശ സംരക്ഷണ സമരസമിതി നടത്തിയ സമര അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇഎംഎസ് കൊണ്ടുവന്ന കുടില്‍ പൊളിക്കല്‍ നിരോധന നിയമത്തിന്റെ മറപിടിച്ച് വനവാസികളുള്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് മൂന്നും, അഞ്ചും, പത്തും സെന്റ് വീതം  നല്‍കി സംസ്ഥാനത്തെ കോളനിയെന്ന ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇടത്, വലുത് മുന്നണികള്‍ ചെയ്തത്. ഒന്നില്‍ക്കൂടുതല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് 15 ഏക്കര്‍ വീതവും, കുരിശ് നാട്ടി ഭൂമി കൈയേറുന്നവര്‍ക്ക് പിടിച്ചെടുത്ത ഭൂമി പതിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെ കടുത്ത വഞ്ചനയാണ് സര്‍ക്കാര്‍ കാട്ടിയത്. സംസ്ഥാനത്ത് 4.5 ലക്ഷം ജനങ്ങളാണ് ഇപ്പോഴും വീടും സ്ഥലവുമില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇതില്‍ വനവാസി പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 35,000 കോളനികളില്‍ നരകജീവിതം നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വനവാസികള്‍ക്കനുകൂലമായ  കോടതി ഉത്തരവുകള്‍  നടപ്പാക്കാതെ സര്‍ക്കാരുകള്‍ ഭൂ സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് .  2002ല്‍ 40 കോടി മുടക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും വനവാസികള്‍ക്കായി ആറളം ഫാമില്‍  വാങ്ങിയ 7500 ഏക്കര്‍ ഭൂമി ഇടത് പക്ഷ നേതാക്കള്‍ തന്നെ കൈവശം വച്ചിരിക്കുകയാണ്. എരുമേലി ചെറുവള്ളി ഭൂമി തട്ടിപ്പ് കേസില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. വിമാനത്താവളം പദ്ധതിയുടെ മറവില്‍ പരിപാവനമായ ശബരിമല പൂങ്കാവനത്തെ കച്ചവട കേന്ദ്രമാക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ഇതിന് പിന്നില്‍ ഇടത് നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് ആഗസ്ത് ഒമ്പതിന് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തും.