സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി . കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി . സംഭവത്തെ തുടർന്ന് ഖത്തർ ജുവലറി ഉടമകൂടിയായ കൗൺസിലർ പൊലീസിന് പരാതി നൽകി.

കൊടുവള്ളി നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലെ കൗൺസിലറാണ് മജീദ്. നാട്ടിൽവന്നാൽ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും മജീദ് പറഞ്ഞു . ഖത്തറിൽ വിദേശികൾക്ക് പൊലീസിന്റെ അനുമതിയില്ലാതെ സ്വർണ്ണം വിൽക്കാൻ കഴിയില്ല . നിയമപരമല്ലാത്ത സ്വർണ്ണം വിൽക്കാൻ സഹായിക്കാത്തതിന്റെ പേരിലും , പൊലീസിനെ വിവരം അറിയിച്ചതുമാണ് ഭീഷണിയുടെ കാരണം .

ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയിൽ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണിൽ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിക്ക് പരാതി നൽകുമെന്നും ഖത്തറിലുള്ള മജീദ് പറഞ്ഞു