യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിനെതിരെ 17 പരാതികള്‍ ഉയര്‍ന്നിരുന്നതായും സമിതി കണ്ടെത്തി.
നേരത്തെ, യാത്രക്കാര്‍ ആക്രമിക്കപ്പെട്ട കല്ലട ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്നു കാണിച്ച് എറണാകുളം ആര്‍ടിഒ ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒയ്ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ ജോയിന്റ് ആര്‍ടിഒ തീരുമാനം ആര്‍ടിഎ ബോര്‍ഡിനു വിടുകയായിരുന്നു. കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ആര്‍ടിഎ ബോര്‍ഡ്.
ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി. വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.