ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.
പ്രതിപക്ഷത്തിന്റേത് ഉള്‍പ്പടെ 60 ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവന്നത്. ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ 1000 രൂപയാകും. ആംബുലന്‍സ് പോലെയുള്ള അടിന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാലും പിഴ 1000 രൂപയാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ നേരത്തെ 2000 രൂപയായിരുന്ന പിഴ 10000 രൂപയാക്കി ഉയര്‍ത്തി. മോട്ടോര്‍ റേസിംഗിനും ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കലിനും 5000, പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് 10000 എന്നിങ്ങനെയാണ് ബില്ലിലെ ഭേദഗതികള്‍.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളും തീര്‍പ്പു വ്യവസ്ഥകളും ലളിതമാക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകളില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവക്കു പുറമേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടമുണ്ടായാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനും ആ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.