കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളിലെ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു. പവര്‍ബാങ്കുകള്‍, ഹെഡ്‌സെറ്റുകള്‍, കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസവും ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടിയിരുന്നു. ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 4 മൊബൈല്‍ ഫോണുകളും 30 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

മൂന്ന് ,നാല് ,ആറ് ,ഏഴ് ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. റെയ്ഡില്‍ 2500 രൂപയും കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയഡില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍, റേഡിയോ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.