ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം. ആത്മഹത്യയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സാജന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ അന്വേഷണസംഘം ഒരു ഡയറി കണ്ടെത്തിയിരുന്നു. ഡയറിയില്‍ സാജന്‍ ആരുടെയും പേര് പരാമര്‍ശിച്ച്‌ കുറ്റപ്പെടുത്തിയിട്ടില്ല. സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിക്കാന്‍ ശ്യാമള ഇടപെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്യാമളക്കെതിരെ അന്വേഷണം ഉണ്ടായത്. അന്വേഷണത്തില്‍ ശ്യാമള കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിക്കാന്‍ ശ്രമം നടത്തിയില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ നഗരസഭാ അധ്യക്ഷയുടെ മാനസിക പീഡനമാണ് സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സാജന്റെ ഭാര്യ ബീന പോലീസില്‍ മൊഴി നല്‍കിയിരുന്നു. നിലവില്‍ തെളിവുകളുടെ അഭാവം കാരണം ശ്യാമളക്കെതിരെ കേസെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് പോലീസിന്.