ബലാത്സംഗ ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ ഇസ്ലാം മതത്തിലേക്ക് ചേരാന്‍ ക്ഷണിച്ച്‌ മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ അബ്ദുളള. ബിനോയ് കോടിയേരി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനുളള പരിഹാരം ഇസ്ലാമാണ് എന്നാണ് ഒ അബ്ദുളള ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്. സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരമാണ് ഇസ്ലാം. ഇസ്സാമിലേക്ക് ആളെ ചേര്‍ക്കുന്നതല്ല തന്റെ വാക്കുകളുടെ ഉദ്ദേശമെന്നും ഒ അബ്ദുളള പറയുന്നു. പ്രണയിച്ച്‌ മതംമാറ്റുന്നതിനോട് യോജിക്കുന്നില്ല. ബിനോയ് കോടിയേരി ഒരു സ്ത്രീയെ വിവാഹം കഴിച്ചു എന്നത് കൊണ്ട് മറ്റൊരു സ്ത്രീയുമായി ബന്ധം പാടില്ലേ എന്ന് ഒ അബ്ദുളള ചോദിക്കുന്നു.

ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്ന മതമാണ് ഇസ്ലാം. ഇത് പറയുമ്ബോള്‍ ആകാശം എന്തോ തലയിലേക്ക് വീഴ്ത്താം എന്ന് ധരിക്കേണ്ട. സിനിമാ നടനായ ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മതംമാറി. അതോടെ അതവര്‍ക്ക് അനുവദനീയമായി തീര്‍ന്നു. അതുപോലെ ബിനോയിക്കും ധര്‍മ്മേന്ദ്രയുടെ വഴി സ്വീകരിക്കാം എന്നാണ് അദ്ദേഹം പറയുന്നത്.

ബിനോയിയെ പോലുളള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും ഇസ്ലാം പ്രശ്‌നപരിഹാര മാര്‍ഗമായി ഒ അബ്ദുളള നിര്‍ദേശിക്കുന്നു. ബിനോയിക്ക് മുന്നില്‍ തുറസ്സായ ഒരു വാതിലുണ്ട്.. അത് എന്തിനാണ് വേണ്ടെന്ന് വെക്കുന്നത് എന്നും ഒ അബ്ദുളള ചോദിക്കുന്നു. ബിനോയ് കോടിയേരി ഇപ്പോള്‍ മുങ്ങി നടക്കുകയാണ്. എത്രകാലം ബിനോയിക്ക് മുങ്ങി നടക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ അച്ഛന് അപമാനം സഹിക്കേണ്ടി വരുന്നു. മകന്റെ കാര്യത്തില്‍ അദ്ദേഹത്തിന് എന്ത് ചെയ്യാന്‍ കഴിയും.

മകന് പക്ഷേ ഭാര്യയുടെ കൈയും പിടിച്ച്‌ ഇസ്ലാം മതത്തിലേക്ക് വരാവുന്നതാണെന്ന് ഒ അബ്ദുളള പറയുന്നു. വളരെ വിശാലമായ മതമാണ് ഇസ്ലാമെന്നും മനുഷ്യരാശിക്ക് മുന്നില്‍ ഒരു തടസ്സവും സൃഷ്ടിക്കാത്ത മതമാണ്. ബിനോയി കോടിയേരിക്ക് മുന്നിലുളള മാര്‍ഗമാണ് ഇസ്ലാമെന്നും ഒ അബ്ദുളള പറയുന്നു. വീഡിയോ വിവാദമായതോടെ പറഞ്ഞതൊന്നും പിന്‍വലിക്കില്ലെന്നും ബോധപൂര്‍വ്വം തന്നെയാണ് ബിനോയിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് എന്നും ഒ അബ്ദുളള വ്യക്തമാക്കി.