വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണത്തിന്റെ തല്‍സ്ഥിതി വിവരം രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞച് സംഘത്തോടാണ് അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ വിഷ്ണു, പ്രകാശന്‍ തമ്ബി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ക്ക് ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ മണത്തില്‍ ദുരൂഹതയുണ്ടോ? സ്വര്‍ണക്കടത്ത് കേസുമായി ഇതിന് ബന്ധമുണ്ടോ, നിലവിലെ കണ്ടെത്തലുകള്‍ എന്തെല്ലാമാണ് എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പിതാവ് സികെ ഉണ്ണിയാണ് ആദ്യം പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായവര്‍ക്ക് ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ മരണത്തില്‍ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം പിതാവ് ഉന്നയിക്കുകയായിരുന്നു. ഇവരുടെ നിര്‍ബന്ധപ്രകാരമാണ് ഡ്രൈവറായി അര്‍ജുനെ നിയമിച്ചതെന്നും പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലഭാസ്കറിന്റെ മരണ ശേഷം ആശുപത്രിയിലെ കാര്യങ്ങള്‍ പ്രകാശന്‍ തമ്ബിയാണ് നിയന്ത്രിച്ചിരുന്നതെന്നും ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ലെന്നും ബാലഭാസ്കറിന്റെ ബന്ധു ആരോപണം ഉന്നയിച്ചിരുന്നു.. ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ച്‌ വരികയാണ്. ഇതിനായി ബാങ്കുകള്‍ക്കും ആദായ നികുതി വകുപ്പിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.