ബി.ജെ.പിയില്‍ ചേരുന്ന മുന്‍ എം.പി എ.പി. അബ്ദുള്ളക്കുട്ടിക്ക് പാര്‍ട്ടി ആലോചിച്ച് ഉചിതമായ സ്ഥാനം നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. പത്ത് വര്‍ഷം സി.പി.എം ടിക്കറ്റില്‍ എം.പിയും 7 വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയും ആയിരുന്ന അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ കര്‍ണാടകയില്‍ പ്രയോജനപ്പെടുത്താന്‍ നവീന്‍കുമാര്‍ കട്ടീല്‍ എം.പി അടക്കമുള്ള കര്‍ണാടക നേതാക്കള്‍ കേന്ദ്ര നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഇദ്ദേഹം അടുത്ത കാലത്തായി മംഗലാപുരത്താണ് കുടുംബത്തോടെ താമസിക്കുന്നത്.അബ്ദുള്ളക്കുട്ടിയുടെ സേവനം കര്‍ണാടകത്തിലെ ന്യൂനപക്ഷങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തി ഇന്ന് അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയും പിന്നീട് പാര്‍ലമെന്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ അമിത് ഷായും തന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ബി.ജെ.പിയില്‍ ചേരുന്ന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ എത്തുന്നതോടെ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നും, ഇത് കേരളത്തലടക്കം മറ്റ് സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുമാണ് ബി.ജെ.പി. നേതാക്കള്‍ കണക്ക് കൂട്ടുന്നത്. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയില്‍ എടുക്കുന്നതിന് പുറമെ എം.പി, എം.എല്‍.എ എന്ന നിലയില്‍ പ്രവര്‍ത്തിച്ച് അനുഭവ സമ്ബത്തുള്ള അബ്ദുള്ളക്കുട്ടിക്ക് മറ്റ് പദവികള്‍ നല്‍കാനുള്ള സാദ്ധ്യതകളും തള്ളികളയാന്‍ കഴിയില്ല. അതേസമയം അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തെ എങ്ങനെ ഉള്‍കൊള്ളണം എന്ന് ആശങ്കയുള്ളവരും പാര്‍ട്ടിയിലുണ്ട്.