ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ന്റെ സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. ഇതിനായുള്ള നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്റെ നാല് ബില്ലുകളും ഉള്‍പ്പെടാത്തതോടെയാണ് ചര്‍ച്ച ഒഴിവായത്. സഭയുടെ പരിഗണനയിലുള്ള 32 ബില്ലുകള്‍ നറുക്കിട്ട് അതില്‍ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് സാധാരണ ചര്‍ച്ചയ്‌ക്കെടുക്കുക ഇന്ന് നറുക്ക് വീണിരുന്നെങ്കില്‍ 17ആം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലെന്ന നിലയില്‍ ജൂലായ് 12ന് ബില്‍ പരിഗണിച്ചേനേ.

നിയമത്തിലൂടെ 2018 സെപ്തംബര്‍ ഒന്നിന് മുമ്ബുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ഒരു കോടതി വിധിയും ബാധകമാക്കരുതെന്നും പ്രേമചന്ദ്രന്‍ ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി, ട്രൈബ്യൂണല്‍, അതോറിട്ടി എന്നിവയുടെ വിധി, അപ്പീല്‍, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസമാകരുത്. തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങള്‍ നടപ്പാകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് എതിരെയുള്ള ബില്ലിനു പുറമെ എന്‍.കെ. പ്രേമചന്ദ്രന്റെ മൂന്നു സ്വകാര്യ ബില്ലുകള്‍ക്കു കൂടി ലോക്‌സഭാ സെക്രട്ടേറിയറ്റ് അവതരണാനുമതി നല്‍കിയിരുന്നു. തൊഴിലുറപ്പ് നിയമത്തിനു കീഴില്‍ 200 തൊഴില്‍ ദിനങ്ങളും കുറഞ്ഞ വേതനം 800 രൂപയാക്കാനും ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കാനും നിര്‍ദ്ദേശിക്കുന്ന ബില്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍, സാധാരണക്കാരെയും രോഗികളെയും സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ എന്നിവയാണ് സഭയില്‍ അവതരിപ്പിച്ചത്.