എല്‍’ മാസികയുടെ ലേഖിക തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വീണ്ടും നിഷേധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് താല്‍പ്പര്യമുണ്ടാക്കുന്ന തരത്തിലുള്ള സ്ത്രീയല്ല മാസികയുടെ ലേഖിക ജീന്‍ കരോളെന്നാണ് ട്രംപിന്റെ പ്രസ്താവന. രാഷ്‌ടീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘ദ ഹില്‍’ എന്ന വാര്‍ത്താ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തുന്നത്. 20 വര്‍ഷം മുന്‍പാണ് ഈ സംഭവമാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ന്യൂ യോര്‍ക്ക് മാസിക പ്രസിദ്ധീകരിക്കുന്ന ‘വൈ ഡു വി നീഡ് മെന്‍ ഫോര്‍’ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെയും സി.ബി.എസ് ചാനലിന്റെ മേധാവി ലെസ് മൂണ്‍വെസിനെതിരെയും ലൈംഗികാരോപണവുമായി ജീന്‍ കരോള്‍ രംഗത്തെത്തുന്നത്. ട്രംപ് തന്നെ ഒരു തുണിക്കടയുടെ ഡ്രസിങ് റൂമില്‍ വച്ചും മൂണ്‍വെസ് ലിഫ്റ്റില്‍ വച്ചും തന്റെ ദേഹത്ത് സ്പര്‍ശിച്ചു എന്നാണ് തന്റെ പുസ്തകത്തിലൂടെ കരോള്‍ ആരോപിക്കുന്നത്. ട്രംപ് പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ രംഗത്തെത്തുന്ന 16ാറാമത്തെ സ്ത്രീയാണ് ജീന്‍ കരോള്‍.

ഇങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്നും തനിക്ക് അവരെ അറിയില്ലെന്നും അവര്‍ പച്ചക്കള്ളമാണ് പടച്ചുവിടുന്നതെന്നുമാണ് ട്രംപ് അഭിമുഖത്തില്‍ പറയുന്നത്. മൂണ്‍വെസും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതികരണമാണ് നടത്തിയത്. തുണിക്കടയുടെ ഡ്രസിംഗ് റൂമില്‍ വെച്ച്‌ ട്രംപ് തന്നെ കടന്നു പിടിച്ചുവെന്നും ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി തന്നെ ഉപദ്രവിച്ചപ്പോള്‍ തല ശക്തമായി വാതിലില്‍ ഇടിച്ചുവെന്നും കരോള്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.