നടന്‍ മോഹന്‍ലാലിന് വേണ്ടിയുള്ള കൂറ്റന്‍ വിശ്വരൂപ ശില്‍പം അവസാനവട്ട മിനുക്കു പണിയിലാണ്. വെള്ളാറില്‍ സജ്ജമായി വരുന്ന കരകൗശല ഗ്രാമത്തിലാണ് താരത്തിനു വേണ്ടി തടിയില്‍ തീര്‍ത്ത കൂറ്റന്‍ വിശ്വരൂപം ഒരുങ്ങുന്നത്. താരരാജാവ് മോഹന്‍ലാല്‍ തന്നെയാണ് ശില്‍പ്പത്തിന് ഓര്‍ഡര്‍ കൊടുത്തത്.

മഹാഭാരത കഥാസന്ദര്‍ഭങ്ങളെല്ലാമുള്ള ഈ ശില്‍പം ഇത്തരത്തില്‍ ആദ്യത്തേതാണെന്നും ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് 10 അടി ഉയരത്തിലുള്ള ശില്‍പം ചെയ്യുന്നതെന്നും മുഖ്യ ശില്‍പി നാഗപ്പന്‍ പ്രതികരിച്ചു. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ട വിശ്വരൂപമാണ് നിര്‍മ്മിക്കുന്നത്. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്‍.

ഒന്നര വര്‍ഷത്തിനു ശേഷമാണ് രൂപം പൂര്‍ണ്ണതയിലേക്ക് കടക്കുന്നതെന്നു ശില്‍പി പറയുന്നു.ഏകദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. 2 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മ്മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു. ശില്‍പം ഇഷ്ടപ്പെട്ട നടന്‍ തന്നെയാണു വലിയ വിശ്വരൂപത്തിനും ഓര്‍ഡര്‍ നല്‍കിയത്. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശില്‍പമാണിതെന്നും നാഗപ്പന്‍ പറയുന്നു. 3 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും ശില്‍പി വ്യക്തമാക്കി.