തിരുവനന്തപുരം: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ അഡ്വ. ശ്രീജിത്തിനെ അറിയാമെന്ന് സ്ഥിതീകരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്തുമായി താനും ഭാര്യയും കേസിന്റ കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി. തുടര്‍ന്ന് തനിക്ക് പറയാനുള്ളത് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് കോടിയേരി അറിയിച്ചു. ഇപ്പോള്‍ ബിനോയ് എവിടെയാണെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന നിലപാട് ആവര്‍ത്തിച്ച കോടിയേരി ഇക്കാര്യം നിങ്ങള്‍ക്കും അന്വേഷിക്കാമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഡ്വ. ശ്രീജിത്തുമായി കേസിന്റെ കാര്യങ്ങള്‍ വിനോദിനി സംസാരിച്ചുവെന്ന് സ്ഥിരീകരിച്ച കോടിയേരി അമ്മയെന്ന നിലയിലാണ് വിനോദിനി സംസാരിച്ചതെന്നാണ് വിശദീകരിച്ചത്.

കേസുമായി മുന്നോട്ടു പോയാല്‍ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ജനുവരിയില്‍ കേസു് തുടങ്ങിയപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചുവെന്ന പറഞ്ഞ കോടിയേരി രേഖകള്‍ വ്യാജമാണെന്നാണ് ബിനോയ് പറഞ്ഞതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ മകന്‍ ദുബായിയില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ്സ് നടത്തുകയായിരുന്നുവെന്നും പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായതെന്നും കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ ഈ കേസുതന്നെ ഉണ്ടാകില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.