ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ്കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മാറ്റിയത്.
അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്.
പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെന്റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിെന്റ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് എന്നും വ്യക്തമായി.
മുംബൈ ഓഷിവാര പൊലീസില്‍ യുവതി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളില്‍ കാണുന്നു.
2014ല്‍ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിെന്റ പേരിെന്റ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്ന് കാണിച്ചിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്പോര്ട്ടില് സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ ദിന്‍ദോഷി കോടതിയില്‍ ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണനക്ക് എടുത്തപ്പോള്‍ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുവതി കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി അറിയുന്നത്. ഒത്തുതീര്‍പ്പിനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് യുവതിയുടെ കുടുംബം നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ യുവതി ആദ്യ പരാതി നല്‍കിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിെന്റ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.