തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കേസുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്താനാകില്ലെന്നു പറഞ്ഞ ജോസഫൈന്‍ രമ്യയ്ക്ക് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് താനാണെന്നും പരാതിയില്‍ വേണ്ട വിധം ഇടപെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം വനിതാ കമ്മീഷന്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നുള്ള രമ്യ ഹരിദാസിന്റെ പരാമര്‍ശത്തെ മുന്‍പ് ജോസഫൈന്‍ പ്രതികരിച്ചത് രോക്ഷത്തോടെയായിരുന്നു. കേസെടുത്തോ എന്നു പോലും അന്വേഷിക്കാതെ രമ്യ വനിതാ കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും വിജയരാഘവനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.