ന്യൂഡല്‍ഹി: മോഡിയെ പ്രശംസിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മോഡി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചതായും സൂചനയുണ്ട്.

പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്.

പോസ്റ്റില്‍ മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ് ഉള്‍പ്പെടെ വിവാദമായിട്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നിലപാടില്‍ നിന്ന് പിന്നോട്ട് പോവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.ബിജെപിയില്‍ എത്തിയാല്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.