കോഴിക്കോട്: മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ വരുമാനം ലഭിക്കുന്നതായി വിവരാവകാശരേഖ. കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്ബനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വിലഈടാക്കിയാണ് വില്‍ക്കുന്നതെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയനാണ് വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് പല മദ്യങ്ങളും വാങ്ങുന്നതിന്റെ പത്തിരിട്ടി വിലയ്ക്കാണ് ബീവറേജ് കോര്‍പ്പറേഷന്‍ വില്‍ക്കുന്നത് വ്യക്തമായിരിക്കുന്നത്.ഈ വിവരാവകാശ മറുപടി ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലാണ്.
ഒരു ഫുള്‍ എം.എച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യക്കമ്ബനികളില്‍നിന്ന് വാങ്ങുന്നത്. ഇതിന് ബീവറേജ് ഔട്ട്‌ലെറ്റിലെ വില 820 രൂപയും. പ്രമുഖ ബ്രാന്‍ഡുകളായ ഓഫീസേഴ്‌സ് ചോയ്‌സിനും ബിജോയ്‌സിനും ഹണിബീയ്ക്കുമെല്ലാം ഇത്തരത്തില്‍ വാങ്ങുന്നതിനെക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ് ഇത്രയും വില വരാന്‍ കാരണം. മദ്യവില്‍പ്പനയിലൂടെയാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗമെന്നതും എടുത്തുപറയേണ്ടതാണ്.