കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഏഷ്യന്‍ താരങ്ങളായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് മെസ്സിപ്പട ക്വാര്‍ട്ടറില്‍. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു വിജയശില്‍പികള്‍. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്‍മാരായപ്പോള്‍ രണ്ടാംസ്ഥാനവുമായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
കളിയാരംഭിച്ചു നാലാം മിനിറ്റില്‍ മാര്‍ട്ടിനസ് ഖത്തര്‍ വലയിലേക്കു നിറയൊഴിച്ചു. എതിരാളികളുടെ പ്രതിരോധപ്പിഴവിലൂടെയാണു മാര്‍ട്ടിനസ് ഗോള്‍ നേടിയത്. വാശിയോടെ തന്നെയായിരുന്നു ഖത്തറും. രണ്ടു ടീമുകളും ഒരു പോലെ പൊരുതി. അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഖത്തര്‍ കളിക്കാര്‍ക്ക് അവ ഗോളാക്കി മാറ്റാനായില്ല. അര്‍ജന്റീന 500 പാസുകള്‍ നല്‍കിയപ്പോള്‍ 437 പാസുകളാണ് ഖത്തര്‍ കളിക്കാര്‍ ഒരുക്കിയത്. പാസിങ്ങില്‍ അര്‍ജന്റീന 86 ശതമാനവും ഖത്തര്‍ 82 ശതമാനവും കൃത്യത പുലര്‍ത്തി.
മെസ്സി, മാര്‍ട്ടിനസ്, അഗ്വീറോ എന്നിവരടങ്ങുന്ന മുന്‍നിര ഖത്തര്‍ പോസ്റ്റിനെ നിരന്തരം വേട്ടയാടി. പക്ഷേ ലീഡ് നേടാനായില്ല. കളി നഷ്ടപ്പെടുമെന്നു മനസ്സിലാക്കിയ ഖത്തര്‍ താരങ്ങള്‍, രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി. സമനിലയായിരുന്നു ലക്ഷ്യം. മെസിയുള്‍പ്പെടെയുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ ഫിനിഷിങ് ഇല്ലായ്മ ആരാധകരുടെ ആവേശം ചോര്‍ത്തി. 82ാം മിനിറ്റില്‍ അഗ്വീറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ നേടിയതോടെ കാണികള്‍ ആഹ്ലാദത്തിലായി. തിരിച്ചുവരവില്ലാത്തവിധം ഖത്തര്‍ തകര്‍ന്നു. ക്വാര്‍ട്ടറില്‍ വെനിസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.