ത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ ‘വരവേല്‍പ്പ്’ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ മുരളി, ഗള്‍ഫില്‍നിന്ന് പണമുണ്ടാക്കി കേരളത്തില്‍ വ്യവസായം ആരംഭിക്കാനെത്തുന്ന പ്രവാസി മലയാളിയാണ്. മരുഭൂമിയില്‍ രക്തം വിയര്‍പ്പാക്കി പണിയെടുത്തുണ്ടാക്കിയ പണമുപയോഗിച്ച് കേരളത്തില്‍ നാലുപേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുന്ന വ്യവസായം ആരംഭിക്കുക എന്നതായിരുന്നു സിനിമയിലെ മുരളിയുടെ ഉദ്ദേശ്യം. അതിനാണ് അയാള്‍ ബസ് വാങ്ങുന്നതും മൂന്ന് പേര്‍ക്ക് തൊഴില്‍ നല്‍കിയതും. എന്നാല്‍ രാഷ്ട്രീക്കാരും ഉദ്യോഗസ്ഥപ്രഭുത്വവും ചേര്‍ന്ന് ‘ഗള്‍ഫ് മോട്ടോഴ്‌സി’ന്റെ ഓട്ടം നിര്‍ത്തിച്ചെന്നുമാത്രമല്ല, മുരളിയെ കേരളത്തില്‍ നിന്ന് ഓടിക്കുകും ചെയ്തു.

1989ലാണ് വരവേല്‍പ്പ് സിനിമ പുറത്തുവരുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന തൊഴിലാളി സംഘടനകളുടെ കടുംപിടിത്തത്തെയും രാഷ്ട്രീയാതിപ്രസരത്തെയും കുറിച്ച് ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചു ‘വരവേല്‍പ്പ്’. കേരളത്തില്‍ വ്യവസായം തുടങ്ങാനെത്തുന്നവരെ മുട്ടാപ്പോക്കുന്യായങ്ങള്‍ നിരത്തി അനുമതി നിഷേധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയെ തുറന്നുകാട്ടുകയായിരുന്നു ശ്രീനിവാസന്റെ രചനയിലും സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലും പുറത്തുവന്ന സിനിമ. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിക്കവെ ഈ സിനിമയെ ചൂണ്ടിക്കാട്ടുകയുമുണ്ടായി.

ശ്രീനിവാസനും പ്രിയദര്‍ശനും ഒന്നിച്ച ‘മിഥുനം’ എന്ന ചലച്ചിത്രവും സമാനമായ വിഷയമാണ് ചര്‍ച്ചയ്ക്ക് വയ്ക്കുന്നതെങ്കിലും അതില്‍ ബിസ്‌കറ്റ് ഫാക്ടറിതുടങ്ങാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ സേതുമാധവന്‍ എന്ന കഥാപാത്രത്തിന് കയ്യൂക്കുകൊണ്ട് വിജയിക്കാനാകുന്നുണ്ട്. എന്നാല്‍ സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. സിനിമയിലെ നായകന്റെ കയ്യൂക്ക് പക്ഷേ, ജീവിതത്തില്‍ ആര്‍ക്ക് കാട്ടാനാകും.

സിനിമയിലെ കഥാപാത്രങ്ങളായ മുരളിക്കും സേതുമാധവനും ഉണ്ടായ സമാന അനുഭവമാണ് ജീവിതത്തില്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന് സംഭവിച്ചത്. സിപിഎമ്മിന് ആധിപത്യമുള്ള പ്രദേശത്ത് കുറച്ചാളുകള്‍ക്ക് തൊഴില്‍ നല്‍കാനാകുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ പണിതതുമാത്രമാണ് സാജന്‍ ചെയ്ത തെറ്റ്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷം ഉടമസ്ഥാവകാശ രേഖയ്ക്ക് അപേക്ഷനല്‍കി, സിപിഎം ഭരണത്തിലുള്ള നഗരസഭാ ഓഫീസില്‍ സാജന്‍ കയറിയിറങ്ങിയത് നിരവധി തവണയാണ്. വെറുതേ തടസ്സവാദങ്ങളുന്നയിച്ച് അനുമതി നല്‍കാതെ ദ്രോഹിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാ പ്രതീക്ഷകളും നശിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തത്. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചായിരുന്നു സാജന്‍ കെട്ടിടം നിര്‍മ്മിച്ചത്. സിനിമയിലെ കഥാപാത്രമായ മുരളി പാര്‍ട്ടിയുടെ ഭീഷണിയില്‍നിന്ന് രക്ഷപ്പെട്ട് ഗള്‍ഫിലേക്ക് തന്നെ പോയപ്പോള്‍ സാജന്‍ ഭീഷണികള്‍ക്ക് വശപ്പെട്ട് ജീവിതത്തില്‍നിന്നുതന്നെ ഒളിച്ചോടുകയായിരുന്നു. സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹത്തില്‍ തുടര്‍ന്നുജീവിക്കേണ്ടെന്ന ഉറച്ച നിലപാടായിരിക്കാം അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. സിപിഎമ്മെന്ന ‘തൊഴിലാളിവര്‍ഗ്ഗ’ പാര്‍ട്ടിയോടുള്ള പ്രതികാരം കൂടിയാകാം അത്.

കണ്ണൂര്‍ ജില്ലയിലെ ആന്തൂരെന്ന ഗ്രാമം സിപിഎമ്മിന്റേതാണ്. അവര്‍ പാര്‍ട്ടിഗ്രാമമായി കൊണ്ടുനടക്കുന്ന പ്രദേശം. അവിടെ ജനാധിപത്യമില്ല. സിപിഎമ്മിന്റെ ഏകാധിപത്യം മാത്രം. മറ്റൊരു രാഷ്ട്രീയ കക്ഷിയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലവിടെ. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മറ്റുപാര്‍ട്ടിക്കാര്‍ക്ക് മത്സരിക്കാന്‍ പോലുമാകില്ല. സിപിഎം കയ്യടക്കിവെച്ചിരിക്കുന്ന പ്രദേശം. ഒരു പാര്‍ട്ടി മാത്രം ഭരിക്കുന്ന ഗ്രാമം ഇങ്ങനെയാണെങ്കില്‍ കേരളം മൊത്തം ഒരു പാര്‍ട്ടി മാത്രം ഭരിച്ചാല്‍ എന്താകും അവസ്ഥയെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ പ്രസക്തിയേറുന്നത്. അതുവലിയൊരു ഭയമായി വളരുകയാണ്. ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ പ്രതികരണം പക്ഷേ, കേരളത്തിലെ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരില്‍ന്നുണ്ടാകുന്നില്ല. എല്ലാത്തിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ സാജന്റെ ദയനീയ മരണത്തെ കണ്ടില്ലെന്നുനടിക്കുന്നു. പ്രതിക്കൂട്ടില്‍ സിപിഎമ്മാണെന്നതാണ് അവരുടെ മൗനത്തിന് കാരണം.

കേരളം നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമെന്നാണ് ഭരണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ വ്യവസായം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴേ ചുവപ്പുനാടയുടെ കുരുക്കുകളും പാര്‍ട്ടിക്കാരുടെ വിലങ്ങുകളും മനസ്സിലാകുകയുള്ളു. കേരളം മാറിമാറി ഭരിക്കുന്ന സിപിഎമ്മിനും കോണ്‍ഗ്രസ്സിനും താത്പര്യം ചെറിയ വ്യവസായങ്ങളോടല്ല. വന്‍ വ്യവസായികള്‍ക്ക് കേരളത്തിന്റെ മണ്ണ് തീറെഴുതുന്നതിനാണവര്‍ ലക്ഷ്യംവെക്കുന്നത്. ബാങ്കില്‍ നിന്നൊമറ്റോ ചെറിയ ലോണെടുത്ത് ചെറിയ വ്യവസായം തുടങ്ങുന്നവരെ പ്രൊത്സാഹിപ്പിച്ചാല്‍ പാര്‍ട്ടിയുടെ ഖജനാവിലേക്കും നേതാക്കളുടെ കീശയിലേക്കും എന്തു കിട്ടാന്‍? വലിയ വ്യവസായങ്ങള്‍ വന്നാലെ തങ്ങളുടെ വലിയ കീശനിറയ്ക്കാന്‍ അവര്‍ക്കാകൂ. സ്മാര്‍ട്ട് സിറ്റികളും കണ്ടെയ്‌നര്‍ ടെര്‍മിനലുകളും തുറമുഖങ്ങളുമൊക്കെ സൃഷ്ടിക്കാന്‍ അവര്‍ താത്പര്യമെടുത്തുകൊണ്ടേയിരിക്കും. ഓഡിറ്റോറിയങ്ങളും ചെറുകിട വ്യാപാരവുമൊക്കെ ആരംഭിക്കാനൊരുങ്ങുന്നവര്‍ ആത്മഹത്യ ചെയ്തുകൊണ്ടുമിരിക്കും.

ഏറ്റവും കൂടുതല്‍ മലയാളികള്‍ തൊഴിലെടുക്കുന്നത് വിദേശത്താണ്. വിദേശത്തുനിന്ന് അവര്‍ അയച്ചുതന്ന പണംകൊണ്ടാണ് കേരളത്തെ ഇന്നത്തെ നിലയില്‍ കരുപ്പിടിപ്പിക്കാന്‍ നമുക്കായത്. അത് മറന്നുകൊണ്ടാണ് പ്രവാസികളോട് ഈ ക്രൂരത. വിദേശത്തെ തൊഴിലവസരങ്ങള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫില്‍ നിന്ന് വലിയ തിരിച്ചൊഴുക്ക് കേരളത്തിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കയ്യിലുള്ള ചെറിയ സമ്പാദ്യം ഉപയോഗിച്ച് എന്തെങ്കിലും സംരംഭം തുടങ്ങി കേരളത്തില്‍ തന്നെ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷയിലാകും ഓരോ പ്രവാസിയും തിരികെയെത്തുന്നത്. അവര്‍ക്കുമുന്നില്‍ വലിയ ആശങ്കകളാണ് സാജന്റെ മരണം സൃഷ്ടിച്ചിരിക്കുന്നത്. ഗള്‍ഫില്‍നിന്നും മറ്റുമുള്ള പണം കേരളത്തിലേക്ക് വരാതാകുമ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരമൊരവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള ഏകമാര്‍ഗ്ഗം കേരളത്തില്‍ കുറച്ചുപേര്‍ക്കുവീതം തൊഴില്‍ നല്‍കാനാകുന്ന ചെറിയ സംരംഭങ്ങള്‍ തുടങ്ങുകയെന്നതാണ്. എന്നാല്‍ രാഷ്ട്രീയക്കാരും ഭരണക്കാരുംകൂടി അതിനുള്ള അവസരം ഇല്ലാതാക്കുമ്പോള്‍ കേരളം പിറകോട്ട് സഞ്ചരിക്കുമെന്ന് ഓര്‍ക്കണം.

സാജന് സംഭവിച്ച ദുരന്തം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് അപകടമാണ്. പാര്‍ട്ടി നേതാക്കളും തൊഴിലാളി സംഘടനകളും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയെടുത്തത്. പുനലൂരിലും സംഭവിച്ചത് ആന്തൂരിന് സമാനമായ സംഭവംതന്നെയാണ്. ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തി മക്കളുമൊത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ പ്രവാസി തൂങ്ങിമരിച്ചത് ഒരുകൊല്ലം മുമ്പാണ്. പുനലൂരിലെ സുഗതന്‍ ആത്മഹത്യ ചെയ്തത്, രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാനാവാത്തതില്‍ മനംനൊന്തായിരുന്നു. ഭൂമി പാട്ടത്തിനെടുത്താണ് വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്. ഷെഡ് പൂര്‍ത്തിയാക്കിയപ്പോള്‍ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ഷെഡിനുമുന്നില്‍ കൊടികുത്തി. ഈ ഭൂമി മുമ്പ് വയലായതിനാല്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ വയല്‍നികത്തി സിപിഎമ്മും സിപിഐയും പാര്‍ട്ടി ഓഫീസുകള്‍വരെ കെട്ടിപ്പൊക്കുമ്പോഴാണ് ഗള്‍ഫില്‍ ജോലിചെയ്ത് നേടിയ സമ്പാദ്യം ഉപയോഗിച്ച് ജീവിക്കാനായി ചെറിയ സംരംഭം തുടങ്ങിയ ആള്‍ക്കുനേരെ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത്.

കേരളം നിക്ഷേപസൗഹൃദമെന്നത് ഭരണക്കാരുടെ വെറുംവാക്കാണെന്ന് ബോധ്യപ്പെട്ടവരിപ്പോള്‍ മറ്റുസംസ്ഥാനങ്ങളിലാണ് സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നത്. പ്രവാസി ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരികെയെത്തുന്നവര്‍ക്ക് സംരംക്ഷണം നല്‍കുമെന്നവാക്ക് പിണറായി വിജയനും കൂട്ടരും മറന്നു. ഇന്നലെ പുനലൂരിലെ സുഗതന്‍, ഇന്ന് ആന്തൂരിലെ സാജന്‍… അടുത്ത ദിവസം തങ്ങളാകാന്‍ ഒരു പ്രവാസിയും ആഗ്രഹിക്കുന്നില്ല. അനുഭവങ്ങളും വിമര്‍ശനങ്ങളും എത്രയുണ്ടായാലും സിപിഎം ഒട്ടുംമാറുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എത്രശരി. സിപിഎമ്മിനെകുറിച്ച് നിങ്ങള്‍ക്ക് ഒരുചുക്കും അറിയില്ല!

Courtsey:-ആര്‍. പ്രദീപ്/janmabhumi