സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണം വ്യക്തിപരം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിനോയ്‌ക്കെതിരായ ആരോപണം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ലൈംഗീക പീഡന പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണെന്നും കേസില്‍ പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

അതിനിടെ സംഭവത്തില്‍ യുവതിയുടെ ബാങ്ക് ഇടപാട് രേഖകളിലും ബിനോയിയുടെ പേര് കണ്ടെത്തി. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയതിന് പിന്നാലെയാണ് ബാങ്കിടപാടുമായി ബന്ധപ്പെട്ട രേഖകളും യുവതി ഹാജരാക്കിയത്. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ പൊലീസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയത്.