ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരജോഡികളായിരുന്നു ആമിര്‍ ഖാനും കരീന കപൂറൂം. സിനിമ വലിയ ഹിറ്റായതിനു ശേഷം തലാഷ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷമുളള ആമിര്‍ ഖാന്‍ ചിത്രത്തിലാണ് നടി നായികയായി അഭിനയിക്കുന്നത്. ഹോളിവുഡ് താരം ടോം ഹാങ്ക്‌സിന്റെ ഹിറ്റ് ചിത്രമായ ഫോറസ്റ്റ് ഗംപാണ് ആമിര്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. തന്റെ ജന്മദിനത്തിലായിരുന്നു സൂപ്പര്‍ താരം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നത്. ലാല്‍ സിംഗ് ഛദ്ദയെന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയ്ക്കു വേണ്ടി ശരീര ഭാരം കുറയ്ക്കുന്നതിനുളള തിരക്കുകളിലാണ് ആമിര്‍ ഖാനുളളത്. 20 കിലോ ഭാരം കുറയ്ക്കാനായി ആമിര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ക്രിസ്മസിനായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അതുല്‍ കുല്‍ക്കറിയാണ് തിരക്കഥയൊരുക്കുന്നത്.