ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പാപഭാരം സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.ഐ.എമ്മിന്റെയും തലയില്‍ വെച്ചു കെട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സി.പി.ഐ.എം എം.പി എ.എം ആരിഫ്.

കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം,.ശാന്തി,സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്ബൂര്‍ണ്ണമായി മനസ്സും ദൈവത്തില്‍ സമര്‍പ്പിച്ച്‌ അങ്ങേയറ്റത്തെ വിശ്വാസ സമാധാനത്തോടു കൂടി ആണ് ഒരു ഭക്ത,ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയില്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നുവെന്നും ആരിഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തടസ്സങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് യുവതികള്‍ ശബരിമലയില്‍ കയറിയത്. ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവര്‍ പോലും ആ ദിവസം തടസ്സപെടുത്താന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ,അയ്യപ്പപ്രതിഷ്ഠക്ക് മുമ്ബില്‍ ആചാരം ലംഘിച്ചു നിന്ന,തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതില്‍ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നിയിരുന്നുവെന്നും ആരിഫ് പറയുന്നു.

സര്‍ക്കാറോ അതിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളോ അവരുടെ സ്വാധീനം ഉപയോഗിച്ചു കൊണ്ട്, ഒരു യുവതിയേയും ശബരിമല കയറ്റാന്‍ ശ്രമിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിശ്വാസികളുടെ വിശ്വാസം,സംരക്ഷിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതുകൊണ്ടാണ് അക്കൂട്ടത്തില്‍ ഒരു യുവതി പോലും ശബരിമലയില്‍ കയറാതിരുന്നതെന്നും എം.പി പറയുന്നു.

തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആയുധമാക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. അതിനാല്‍ വീണ്ടും ഈ വിഷയം ലൈവാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടുവാന്‍ കഴിയുമോ എന്ന ആലോചനയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ആരിഫ് എംപി കുറ്റപ്പെടുത്തി.

‘ശബരിമലയുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരണ അനുമതി തേടിയിരുന്നു. അനുമതി നല്‍കി, അതില്‍മേല്‍ ഉള്ള ചര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് സ്പീക്കറുടെ അറിയിപ്പ് വന്നിട്ടില്ല. അത് 12 -ാം തീയ്യതിയാണ് വരുന്നത്. അത് ചര്‍ച്ചക്ക് വന്നാല്‍ത്തന്നെ ഗവണ്‍മെന്റാണ് ആണ് ആദ്യം നയം വ്യക്തമാക്കേണ്ടത്. അതിനു ശേഷം ഓരോ അംഗങ്ങള്‍ക്കും സംസാരിക്കാം, സംസാരിക്കാതിരിക്കാം. അപ്പോള്‍ അനുകൂലിച്ചൊ, പ്രതികൂലിച്ചൊ, സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചാല്‍ അവസരം കിട്ടും. എതിര്‍ക്കാതിരുന്നാല്‍ അതിനെ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാം . ആ വാര്‍ത്ത പക്ഷേ പറയണ്ടത് 12-ാം തീയ്യതിക്ക് ശേഷമാണ്. ഇപ്പോഴെ അതേക്കുറിച്ച്‌, അനുകൂലിച്ചു എന്ന പ്രചരണം, വസ്തുതാപരമായി ശരിയല്ല’, എന്ന് ചില വാര്‍ത്തകളെ ചൂണ്ടി കാണിച്ച്‌ ആരിഫ് നിലപാട് വ്യക്തമാക്കി.