കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ ഒപ്പില്ലാതെ എഐസിസി കത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടി ഘടകങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയ കത്തില്‍ പാര്‍ട്ടി പ്രസിഡന്റിന്റെ ഒപ്പുണ്ടായിരുന്നില്ല. പകരം സംഘനയുടെ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഒപ്പിട്ടത്. ഒപ്പിടാന്‍ രാഹുല്‍ ഗാന്ധിയുടെ വിസ്സമ്മതത്തെ തുടര്‍ന്നാണ് വേണുഗോപാല്‍ ഒപ്പിട്ടതെന്നാണ് സൂചന.

രാഹുല്‍ ഗാന്ധി ഔദ്യോഗികമായി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് താനല്ല തീരുമാനിക്കേണ്ടതെന്നും സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസവും രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ എതിര്‍ക്കുകയും പാര്‍ട്ടിയില്‍ എല്ലാ തലത്തിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയിലി പറഞ്ഞിരുന്നു.

മുതിര്‍ന്ന നേതാക്കളും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയിട്ടില്ല. പകരം ആളെ കണ്ടെത്താനാണ് രാഹുലിന്റെ നിര്‍ദ്ദേശം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.