വടക്കൻ അയർലൻഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. പാലാ മാറിയിടം രാമച്ചനാട്ട് തോമസ് മാത്യു- മേരി ദന്പതികളുടെ മകളും വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറന്പിൽ) നെൽസന്റെ ഭാര്യയുമായ ഷൈമോൾ (37) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്സ് മെയ്മോൾക്കും മകനും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ മെയ്മോളുടെ നില ഗുരുതരമാണ്. ഇവർ ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. നെൽസന്റെ കുടുംബ സുഹൃത്ത് ബിജുവിന്റെ ഭാര്യയാണ് മെയ്മോൾ.
വെള്ളിയാഴ്ച വൈകുന്നേരം 6.45നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ബാലിമന എ26 റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മെയ്മോളുടെ മകനെ പഠനക്യാന്പിനു ശേഷം കൂട്ടിക്കൊണ്ടു മടങ്ങുംവഴിയാണ് അപകടം.
ബെൽഫാസ്റ്റിൽ ആൻട്രിം മരിയ ആശുപത്രിയിൽ ജോലി ക്കാരനാണ് ഷൈമോളുടെ ഭർത്താവ് നെൽസണ്‍ ജോൺ. നെൽസണും മക്കളും ബന്ധുവിന്റെ മനസമ്മത ചടങ്ങിൽ പങ്കെടുക്കാനായി ഏതാനും ദിവസം മുന്‍പാണ് നാട്ടിലേക്കു പോന്നത്.