ബിഹാറിലെ മുസാഫര്‍പുരില്‍ മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രീകൃഷ്​ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്​ടറെ സസ്​പെന്‍ഡ്​ ചെയ്​തു​. ചികില്‍സാ പിഴവ്​ ആരോപിച്ചാണ്​ സീനിയര്‍ ഡോക്​ടറായ ഭീംസെന്‍ കുമാറിനെ സസ്​പെന്‍ഡ്​ ചെയ്​തത്​. അതേസമയം, മസ്തിഷ്ക ജ്വരം ബാധിച്ചു മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 130 ആയി.

മസ്തിഷ്ക ജ്വരം ബാധിച്ചു കുട്ടികള്‍ മരിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറായ ഭിംസെന്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ചികിത്സ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അതിനിടയില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് പരിസരത്ത് അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.എന്നാല്‍ സംഭവത്തെ നിസാരവല്‍ക്കരിച്ച്‌ മന്ത്രി അശോക് ചൗധരി രംഗത്തെത്തി.

മുസഫര്‍പ്പൂരില്‍ ഇതുവരെ 130 കുട്ടികളാണ് മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് മരിച്ചത്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ 110 കുട്ടികളും കെജ്‌രിവാള്‍ ആശുപത്രിയില്‍ 20 കുട്ടികളും മരണപ്പെട്ടു.

225 കുട്ടികളെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്‌തെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സുനില്‍കുമാര്‍ സഹി അറിയിച്ചു. അതിനിടെ മെഡിക്കല്‍ കോളേജിലെ ഐ.സി.യു കെട്ടിടത്തിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നു വീണു. ആര്‍ക്കും പരിക്ക് പട്ടിയിട്ടില്ലെങ്കിലും ആശുപത്രിയുടെ വീഴ്ചക്ക് കൂടുതല്‍ തെളിവായി.